കർക്കിടക വാവ് മുന്നൊരുക്കം; ആലോചന യോഗം ചേർന്നു

എറണാകുളം: ആലുവ മണപ്പുറത്തെ കർക്കിടക വാവ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ല കളക്ടർ ജാഫർ മാലിക്കിൻ്റെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ആലുവയിൽ ബലിതർപ്പണം ഉണ്ടായിരുന്നില്ല. ഇക്കുറി കൂടുതൽ പേർ എത്തിയേക്കാനുള്ള സാധ്യത പരിഗണിച്ച് വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ യോഗത്തിൽ തീരുമാനിച്ചു.

ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന ചടങ്ങായതിനാൽ ക്രമസമാധാന പരിപാലനത്തിനായി കൂടുതൽ പോലീസുകാരെ നിയോഗിക്കും. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫയർഫോഴ്സ്, നാവികസേന എന്നിവയുടെ ബോട്ടുകളും മുങ്ങൽ വിദഗ്‌ധരെയും സജ്ജമാക്കും.ബലിതർപ്പണത്തിന് എത്തുന്നവർക്കായി കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പടെയുള്ള ബസുകൾക്ക് തോട്ടക്കാട്ടുകരയിൽ സ്റ്റോപ്പ് അനുവദിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സ്റ്റേജ് ക്യാരിയേജ് ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റും നൽകും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ശക്തമായ നിയന്ത്രണങ്ങൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രദേശത്ത് മുഴുവൻ സമയ വൈദ്യസഹായവും ആംബുലൻസ് സൗകര്യവും സജ്ജമാക്കും. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗവും മലിനീകരണവും തടയുന്നതിനുള്ള മാർഗങ്ങൾ തേടും. കൂടുതൽ ബിന്നുകൾ സ്ഥാപിക്കും. പ്രധാന റോഡിൽ നിന്ന് മണപ്പുറത്തേക്ക് കൂടുതൽ തെരുവ് വിളക്കുകൾ തയ്യാറാക്കാനും നിലവിൽ അറ്റകുറ്റപ്പണി ആവശ്യമുള്ളവ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ആലുവ നഗരസഭ അധ്യക്ഷൻ എം.ഒ ജോൺ, നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply