കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സര്‍വീസ് തൊടുപുഴ ഡിപ്പോയില്‍നിന്നു 10ന് ആരംഭിക്കും

തൊടുപുഴ: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സര്‍വീസ് തൊടുപുഴ ഡിപ്പോയില്‍നിന്നു 10ന് ആരംഭിക്കും. ജില്ലയ്ക്കു പുറത്തുള്ള ഡിപ്പോകളില്‍നിന്നു പോലും ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സര്‍വീസ് തുടങ്ങിയ സാഹചര്യത്തിലാണ് തൊടുപുഴ ഡിപ്പോയും ഈ രംഗത്തേക്കു ചുവടുവയ്ക്കുന്നത്. ഞായറാഴ്ച രാവിലെ ഏഴിന് ആദ്യ സര്‍വീസ് ഡിപ്പോയില്‍നിന്നു പുറപ്പെടും. സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സൗകര്യമുണ്ട്.

ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍, കൗല്‍വരി മൗണ്ട്, അഞ്ചുരുളി, വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു തിരികെ തൊടുപുഴയിലെത്തുന്ന രീതിയിലാണ് സര്‍വീസ്. ഇതു വിജയകരമായാല്‍ മൂന്നാര്‍, മാട്ടുപ്പെട്ടി സര്‍വീസ് തുടങ്ങാനും പദ്ധതിയുണ്ട്.
പൊതുഅവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സര്‍വീസ്. ജില്ലയില്‍ മൂന്നാര്‍, കുമളി ഡിപ്പോകളില്‍നിന്നു ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സര്‍വീസ് മാസങ്ങള്‍ക്കു മുമ്പുതന്നെ തുടങ്ങിയിരുന്നു. ഇവ വിജയകരമാകുകയും ചെയ്തു.

യാത്രയ്ക്കിടയില്‍ ഓരോ പോയിന്റുകളിലും ഒരു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ അവസരവുമുണ്ടാകും. ഇതിനിടയില്‍ ചിത്രമെടുക്കാനും യാത്രികര്‍ക്കു ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. പരിശീലനം നല്‍കിയ ജീവനക്കാരെയാകും ബസില്‍ നിയോഗിക്കുക.നിലവില്‍ കുമളി ഡിപ്പോയില്‍നിന്നു പരുന്തുംപാറ, വാഗമണ്‍, അയ്യപ്പന്‍കോവില്‍, അഞ്ചുരുളി, രാമക്കല്‍മേട് എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ്. ചാലക്കുടിയില്‍നിന്ന് അതിരപ്പിള്ളി വഴി മലക്കപ്പാറയിലേക്കുള്ള സര്‍വീസുകള്‍ വിജയകരമായ സാഹചര്യത്തിലാണ് മറ്റു ഡിപ്പോകളും ഇതേ മാതൃകയില്‍ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയത്.തൊടുപുഴയില്‍നിന്നു മൂവാറ്റുപുഴ-ചാലക്കുടി- അതിരപ്പിള്ളി-മലക്കപ്പാറ സര്‍വീസ് ആരംഭിക്കാനും നേരത്തെ പദ്ധതിയിട്ടിരുന്നു.

 

Leave A Reply