ദുബായിൽ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ സർക്കാർ അനുമതി

ദുബായിൽ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ സർക്കാർ അനുമതി.15 തികഞ്ഞ വിദ്യാർഥികൾക്കു മുന്നിലാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പുത്തൻ ഓഫർ. ജോലി ചെയ്തു തൊഴിൽ പരിചയം നേടുന്നതിനൊപ്പം പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും. കർശന നിബന്ധനകളോടെയാണ് കുട്ടികൾക്കു ജോലി ചെയ്യാൻ സർക്കാർ അനുമതി നൽകിയത്.

മാതാപിതാക്കളുടെ സമ്മത പത്രത്തോടെ മൂന്നു മാസത്തേക്കുള്ള തൊഴിൽ കരാറിൽ വിദ്യാർഥികൾക്ക് ഏർപ്പെടാം. ജോലിയുടെ സ്വഭാവം കരാറിൽ വ്യക്തമാക്കണം.വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം ഇവ കരാറിൽ വ്യക്തമാക്കണം. കർശന വ്യവസ്ഥകൾ വച്ച് വിദ്യാർഥികളെ തൊഴിലെടുപ്പിക്കാൻ പാടില്ല.

അവർക്കുള്ള തൊഴിൽപരിശീലനങ്ങൾക്കും മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫാക്ടറികളിൽ രാത്രി സമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി 8 മുതൽ രാവിലെ 6 വരെ കുട്ടികൾക്കു തൊഴിൽ പരിശീലനത്തിന് അനുവദിച്ചിട്ടില്ല.6 മണിക്കൂറാണ് പരമാവധി തൊഴിൽ സമയം. ഭക്ഷണം, പ്രാർഥന തുടങ്ങിയ കാര്യങ്ങൾക്ക് ഒരു മണിക്കൂർ അനുവദിക്കാം. വിശ്രമം നൽകാതെ തുടർച്ചയായി 4 മണിക്കൂർ പണിയെടുപ്പിക്കരുതെന്നും നിർദേശങ്ങളിലുണ്ട്. പരിശീലനസമയം തൊഴിൽ സമയമായി കണക്കാക്കിയുള്ള വേതനം നൽകണം. 3 മാസത്തെ ജോലിയോ തൊഴിൽ പരിശീലനമോ പൂർത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികൾക്ക് തൊഴിൽ പരിചയ/ പരിശീലന സർട്ടിഫിക്കറ്റ് സ്ഥാപനം നൽകണം. ഈ കാലയളവിലെ ഇവരുടെ തൊഴിൽ വിലയിരുത്തണം.

Leave A Reply