ഇമ്മാനുവല്‍ കോട്ടയുടെ ശേഷിപ്പുകള്‍ തെളിഞ്ഞു

മട്ടാഞ്ചേരി; കടല്‍ ഇറങ്ങിയതോടെ ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് ഇമ്മാനുവല്‍ കോട്ടയുടെ ശേഷിപ്പുകള്‍ തെളിഞ്ഞുവന്നു. പോര്‍ച്ചുഗീസുകാര്‍ പണിത കോട്ടയുടെ, ചെങ്കല്ലില്‍ത്തീര്‍ത്ത അടിത്തറയാണ് കടപ്പുറത്ത് കണ്ടത്.രണ്ടുവര്‍ഷം മുമ്പും കോട്ടയുടെ അടിത്തറ തെളിഞ്ഞുവന്നിരുന്നു. 1503ല്‍ കൊച്ചി രാജാവിന്റെ അനുമതിയോടെ പോര്‍ച്ചുഗീസുകാരാണ് കടല്‍ത്തീരത്ത് കോട്ട പണിതത്. അന്നത്തെ പോര്‍ച്ചുഗീസ് രാജാവായിരുന്ന ഇമ്മാനുവലിനോടുള്ള ആദരസൂചകമായി ഇമ്മാനുവല്‍ കോട്ടയെന്ന് നാമകരണം ചെയ്തു.

കോട്ടയുടെ സംരക്ഷണത്തിനായി ഏഴ് കൊത്തളങ്ങളും പണിതു. 1663ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊച്ചി കൈക്കലാക്കിയപ്പോള്‍ കോട്ട നിശ്ശേഷം തകര്‍ത്തു. ഈ കോട്ടയുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചിയെന്ന സ്ഥലപ്പേരുതന്നെ ഉടലെടുത്തത്.

Leave A Reply