പണമടച്ചിട്ടും വൈദ്യുതി പോസ്റ്റും ലൈനുമില്ല; പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് പണമടച്ചിട്ടും വാര്‍ഡുകളില്‍ കെഎസ്ഇബി വൈദ്യുതി പോസ്റ്റും ലൈനുമിടാത്തതില് പ്രതിഷേധിച്ചാണ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിതയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചത്.
18 വാര്‍ഡുകളിലായി വഴി വിളക്കുകള്‍ക്കായി വൈദ്യുത പോസ്റ്റും ലൈനും ഇടാനായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 ന് 8,56,160 രൂപ ഗ്രാമ പഞ്ചായത്ത് കെ എസ്ഇബിയില്‍ അടച്ചിരുന്നു. എന്നാല്‍ ഏഴ് മാസം പിന്നിട്ടിട്ടും വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കാനോ ലൈന്‍ വലിക്കാനോ കെ എസ് ഇ ബി തയ്യാറായില്ല. ഇവ ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പല തവണ കെഎസ്ഇബിക്ക് കത്തു നല്‍കിയിട്ടും പരിഹാരമായില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചത്. പോസ്റ്റ് ലഭ്യമല്ലെന്ന വാദമാണ് കെഎസ്ഇബി അധികൃതര്‍ ഉന്നയിച്ചത്. എന്നാല്‍ മൂന്നു വാര്‍ഡുകളിലൊഴികെ മറ്റു വാര്‍ഡുകളില്‍ വൈദ്യുതപോസ്റ്റിടാതെ തന്നെ ലൈന്‍ വലിക്കാന്‍ കഴിയും. ഇതിനും കെഎസ്ഇബി തയ്യാറാകുന്നില്ലെന്നാണ് പഞ്ചായത്തിന്റെ പരാതി. ഇന്ന് രാവിലെ 11ന് ആരംഭിച്ച ഉപരോധം മണിക്കൂറുകള്‍ നീണ്ടു. ഒടുവില്‍ ഈ മാസം 18 ഓടെ ലൈന്‍ വലിക്കാമെന്നും പിന്നീട് പോസ്റ്റുകള്‍ ലഭ്യമാകുന്ന മുറക്ക് ഇവ സ്ഥാപിക്കാമെന്ന ഉറപ്പിന്മേലും ഉപരോധം അവസാനിപ്പിച്ചു.