ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആള്‍ക്കൂട്ടമര്‍ദനത്തിനിരയാക്കിയ സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റിൽ .എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മൂടാട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ നേരത്തെ ഒമ്ബതു പേര്‍ അറസ്റ്റിലായിരുന്നു.ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെയാണ് ആള്‍ക്കൂട്ടം ക്രൂരമായ ആക്രമണത്തിന് വിധേയനാക്കിയത്. എസ്. ഡി.പി.ഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് ജിഷ്ണുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ ഒമ്ബതുപേരുടെയും ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.

ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ജിഷ്ണുവിനെ 30 ഓളം പേര്‍ വളഞ്ഞിട്ടാക്രമിച്ചത്. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തി. ഫ്ലസ്ക് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച്‌ പറയിച്ച്‌ വീഡിയോയും ചിത്രീകരിച്ചിരുന്നു . തുടര്‍ന്ന് വെള്ളത്തില്‍ മുക്കി കൊല്ലാനും ശ്രമിച്ചു. രണ്ട് മണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനുള്‍പ്പെടെ കേസെടുത്തിട്ടുണ്ട്.

Leave A Reply