മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവ് മറ്റൊരു വീടിന്‍റെ മുന്നില്‍ മരിച്ച നിലയില്‍

മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫിനെ (56) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം നടന്നത് . ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചെമ്മണ്ണാർ കൊന്നയ്ക്കാപ്പറമ്പിൽ രാജേന്ദ്രന്‍റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണരുകയും ജോസഫുമായി മല്‍പ്പിടിത്തം നടക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് രക്ഷപ്പെട്ട ഇയാളെ പുലര്‍ച്ചെയോടെയാണ് തൊട്ടടുത്തുള്ള വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ സമീപത്തായി മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം. പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നും ശബ്ദം കേട്ട് രാജേന്ദ്രനും കുടുംബവും ഉണര്‍ന്നപ്പോഴാണ് വീട്ടിനുള്ളില്‍ മോഷ്ടാക്കളെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് രാജേന്ദ്രനും ജോസഫും തമ്മില്‍ പിടിവലി നടന്നു.തുടർന്ന് രാജേന്ദ്രനെ മുഖത്ത് കടിച്ച് പരുക്കേൽപ്പിച്ച ശേഷം ജോസഫ് വീടിന് പുറത്തേക്ക് ഓടി രക്ഷപെട്ടുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍‌ വിളിച്ചതനുസരിച്ച് സമീപത്തുള്ള വീട്ടുകാരെത്തി മോഷ്ടാക്കള്‍ക്കായി തിരിച്ചില്‍ നടത്തുന്നതിനിടെയാണ് ജോസഫിനെ സമീപത്തെ വീടിന് അടുത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave A Reply