മക്കയിലുള്ള തീർഥാടകർ നാളെ വൈകിട്ടോടെ മിനായിലേക്കു നീങ്ങും

മക്ക:  മക്കയിലുള്ള തീർഥാടകർ നാളെ വൈകിട്ടോടെ മിനായിലേക്കു നീങ്ങും. തിരക്കിൽപ്പെടാതിരിക്കാൻ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ തീർഥാടകർ ബുധനാഴ്ച വൈകിട്ട് 4 മണിയോടെ (അസർ നമസ്കാര ശേഷം) തന്നെ മിനായിലേക്കു നീങ്ങിത്തുടങ്ങും. ഈ ഒഴുക്ക് വ്യാഴാഴ്ച ഉച്ചവരെ തുടരും. ഇതിനകം വിവിധ രാജ്യക്കാരായ 10 ലക്ഷം പേർ മിനായിലെ കൂടാരങ്ങളിൽ എത്തിച്ചേരും. ഇന്ത്യയിൽനിന്ന് ഇത്തവണ 79,237 പേർക്കാണ് ഹജിന് അനുമതിയുള്ളത്.

7ന് മിനായിലെ കൂടാരങ്ങളിൽ രാപ്പാർക്കലോടെയാണ് ഹജ്ജിനു ഔദ്യോഗിക തുടക്കമാകുക.

പ്രാർഥനാ മന്ത്രങ്ങളുമായി മിനായിലെ തമ്പുകളിൽ നേരം വെളുപ്പിക്കുന്ന തീർഥാടകർ 8ന് പുലർച്ചെ അറഫയെ ലക്ഷ്യമാക്കി നീങ്ങും. ഹജ്ജിന്റെ ആത്മാവായ അറഫാ സംഗമത്തിൽ ഉച്ചയോടെ എല്ലാവരും സമ്മേളിക്കും. അറഫ പ്രഭാഷണവും പ്രാർഥനകളുമായി സന്ധ്യവരെ അവിടെ തുടരുന്ന തീർഥാടകർ ശേഷം മുസ്ദലിഫയിലേക്കും നീങ്ങും.

രാത്രി മുസ്ദലിഫയിൽ തങ്ങുന്ന തീർഥാടകർ 9ന് പുലർച്ചെ മിനായിലേക്കും എത്തി സാത്താന്റെ സ്തൂപത്തിനു നേരെയുള്ള കല്ലേറുകർമം നിർവഹിക്കും. ഇതിനുള്ള കല്ലുകൾ മുസ്ദലിഫയിൽ നിന്നാണ് ശേഖരിക്കുക. ഏറ്റവും കൂടുതൽ കർമങ്ങൾ നടക്കുന്നതും ഒൻനായിരിക്കും.

 

Leave A Reply