കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ സ്ട്രോങ് റൂമില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്രം ഉപദേശക സമിതി രംഗത്തെത്തി . 2015-16 കാലയളവില്‍ ലഭിച്ച വഴിപാട് സ്വര്‍ണത്തില്‍ നിന്ന് പതിനൊന്ന് പവനിലേറെ നഷ്ടപ്പെട്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ ആവശ്യപെട്ടത് . അന്വേഷണത്തിന്റെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ക്രമക്കേടുകളെ പറ്റി മൂന്നു വര്‍ഷത്തിലേറെയായി ദേവസ്വം ബോര്‍ഡ് പൂഴ്ത്തിവച്ചിരുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 2015 -16 കാലയളവില്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തില്‍ നിന്ന് 11.3 പവന് കാണാനില്ലെന്ന് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത് 2019 ലാണ് . ഗുരുതരമായ ക്രമക്കേടിനെ പറ്റി സൂചന ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തിന് ദേവസ്വം ബോര്‍ഡോ ബോര്‍ഡിലെ വിജിലന്‍സ് വിഭാഗമോ തയാറായിരുന്നില്ല.
ഓഡിറ്റ് വിവരങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തിലാണ് ക്ഷേത്ര ഉപദേശക സമിതി അന്വേഷണം ആവശ്യപ്പെടുന്നത്. സ്വര്‍ണം കാണാതായ കാലയളവില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരാണ് ക്രമക്കേടിന് പിന്നിലെന്ന ആരോപണമാണ് ഉപദേശക സമിതി ഉയര്‍ത്തുന്നത്.ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല നഷ്ടപ്പെട്ട സംഭവത്തില്‍ മേല്‍ശാന്തിയെ പ്രതിയാക്കിയുളള കേസ് നടക്കുന്നതിനിടെയാണ് സമാന സ്വഭാവമുളള മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുന്നത്. 2015 16 കാലത്ത് ക്ഷേത്രത്തില്‍ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും ഇപ്പോള്‍ ക്ഷേത്രത്തില്‍ ഇല്ലെന്ന വിശദീകരണത്തിനപ്പുറം തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇപ്പോള്‍ ചുമതലയുളള ഉദ്യോഗസ്ഥരാരും തയ്യാറാവുന്നില്ല.