വിജയ് ബാബുവിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി നാളെ സുപ്രീംകോടതിയിൽ

ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് നാളെ പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക.

മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹർജിയിൽ പറയുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിജയ് ബാബുവിന്‍റെ മുൻകൂ൪ ജാമ്യ൦ റദ്ദാക്കണമെന്ന് സര്‍ക്കാരിന്‍റെ ആവശ്യ൦. മതിയായ തെളിവുകൾ ഉണ്ടായിട്ടു൦ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സ൪ക്കാ൪ പറയുന്നത്. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും ഇക്കാര്യം അനുവദിച്ച നടപടിയും സർക്കാർ ചോദ്യം ചെയ്യുന്നു.

കേസിൽ നേരത്തെ വിജയ് ബാബുവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നടപടി. ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ സ്റ്റേഷൻ ജാമ്യം അനുവദിച്ചെങ്കിലും വിജയ് ബാബു പൊലീസ് നടപടികൾക്ക് വിധേയനാകണം. അതേസമയം, കേസിൽ വിജയ് ബാബു കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ടതായി കൊച്ചി പൊലീസ് പ്രതികരിച്ചിരുന്നു.

Leave A Reply