തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിന് പിന്നിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള കൂട്ടുകെട്ട്. മരപ്പാലം സ്വദേശി അജയഘോഷ് അനധികൃതമായി കെട്ടിട നമ്പർ സംഘടിപ്പിച്ചത് കോർ‍പ്പറേഷൻ ഓഫീസിൽ ഒരിക്കൽ പോലും കയറാതെ എന്ന വിവരം പുറത്ത്. എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഫയൽ പോലുമില്ലാതെയാണ് ഇടനിലക്കാർക്ക് പണം നൽകി കെട്ടിട നമ്പർ സംഘടിപ്പിച്ചതെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

മരപ്പാലം ടി.കെ.ദിവാകരൻ റോഡിലെ രണ്ട് കെട്ടിടങ്ങൾക്കാണ് അജയഘോഷ് അനധികൃതമായി കെട്ടിട നമ്പർ തരപ്പെടുത്തിയത്. റോഡിന് തൊട്ടടുത്തായി മുറിക്ക് പുറത്തേക്ക് ഷീറ്റ് കെട്ടിയ കെട്ടിടത്തിന് നിയമനുസൃതം കെട്ടിട നമ്പർ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇടനിലക്കാരുടെ സഹായം തേടിയത്. ഇതിൽ ഒരു കെട്ടിടത്തിലാണ് അജയഘോഷിൻറെ സഹോദരിയുടെ തട്ടുകട. മറ്റൊന്ന് വർക്ക്ക്ഷോപ്പിനായി വാടകയ്ക്ക് നൽകി. തൊട്ടടുത്തുതന്നെ അജയഘോഷിൻറെ വെൽഡിംഗ് കടയുമുണ്ട്. കെട്ടിടത്തിൻറെ പ്ലാൻ വരച്ച് തയ്യാറാക്കി കോ‍ർപ്പറേഷനിൽ നൽകുന്നവരാണ് ഇടനിലക്കാരായി നിന്ന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കെട്ടിട നമ്പർ സംഘടിപ്പിക്കുന്നത്.

പത്ത് വർഷത്തിലേറെയായി നഗരസഭയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന രണ്ട് പേർക്കെതിരെയാണ് നടപടി. തട്ടിപ്പിലൂടെ കൂടുതൽ പേർക്ക് കെട്ടിട നമ്പർ കിട്ടിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. ഉന്നത ഉദ്യോഗസ്ഥർക്കടക്കം തട്ടിപ്പിൽ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഒരു മാസം മാത്രം ദൃശ്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള നഗരസഭ സിസിടിവികൾ മാറ്റി പകരം സംവിധാനം ഒരുക്കും. സ്ഥിരം ഐടി ഓഫീസർ നഗരസഭയ്ക്ക് ഇല്ലാത്തതും ഇൻഫർമേഷൻ കേരള മിഷൻറെ സോഫ്റ്റ്‍വെയറിലെ അപാകതയും തട്ടിപ്പുകാർക്ക് സഹായകരമാണെന്നാണ് വിലയിരുത്തൽ.

Leave A Reply