അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇന്ന് വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ കിട്ടിയേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

മധ്യപ്രദേശിന് മുകളിലായുള്ള ന്യൂനമർദ്ധവും അറബിക്കടലിൽ നിന്നുള്ള കാലവർഷ കാറ്റും ശക്തമായതുമാണ് മഴ കനക്കാൻ കാരണം. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്.

മഴ ശക്തമായതോടെ തൃശ്ശൂർ പൂമല ഡാമിൻറെ നാല് ഷട്ടറുകൾ തുറന്നു. 1,2,3,4 സ്പിൽവേ കാൽ ഇഞ്ച് വീതമാണ് തുറന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവിൽ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. മലവായ് തോടിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തോടിൻറെ ഇരുവശത്തും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽകുത്ത് ഡാമിൻറെ ജലനിരപ്പ് 419 അടിയായി ഉയർന്നു. 423 അടിയാണ് പരമാവധി സംഭരണ ശേഷി.

Leave A Reply