സ്ത്രീധനം, മരുമകളെ തീക്കൊള്ളികൊണ്ട് മർദിച്ച് അമ്മായിയമ്മ

നെടുങ്കണ്ടം: സ്ത്രീധനത്തിന്റെ ബാക്കി നൽകണമെന്നാവശ്യപ്പെട്ട് ഭർത്തൃമാതാവും ഇവരുടെ സഹോദരിയും ചേർന്ന് തീക്കൊള്ളികൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന മകനെ പുറത്തിറക്കാനാണ് ഈ പണം എന്നുപറഞ്ഞാണ് യുവതിയെ അമ്മായിയമ്മയും സഹോദരിയും ചേർന്ന് മർദിച്ചത്. മുഖത്ത് പരിക്കേറ്റ യുവതി നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. നെടുങ്കണ്ടം പോലീസ് കേസെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

തൂക്കുപാലം ശൂലപ്പാറ ബ്ലോക്ക് നമ്പർ 559-ൽ ഹസീന (29) ആണ് പരാതിക്കാരി. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. സ്ത്രീധനത്തുകയിൽ ബാക്കിയുള്ള 50,000 രൂപ ഉടൻ വേണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്തൃമാതാവ് ഉപദ്രവിച്ചതെന്ന് ഹസീന പറഞ്ഞു. അടുപ്പിൽനിന്ന്‌ തീക്കൊള്ളിയെടുത്ത് യുവതിയുടെ തലക്കടിച്ചതിനെത്തുടർന്ന് നെറ്റിയിലും കവിളിലും പൊള്ളലേറ്റിട്ടുണ്ട്. പാത്രങ്ങൾകൊണ്ട് അമ്മായിയമ്മയുടെ സഹോദരി പുറത്തും തോളിലും അടിച്ചതായും ഹസീന പറഞ്ഞു.

Leave A Reply