ആഭരണം നിർമിക്കാൻ നൽകിയ സ്വർണവുമായി മുങ്ങി; തൊഴിലാളി രാജസ്ഥാനില്‍ നിന്നും പിടിയിൽ

കൊണ്ടോട്ടി: ജ്വല്ലറിയിലേക്ക് ആഭരണം നിര്‍മിക്കാനായി നല്‍കിയ സ്വര്‍ണവുമായി ഒളിവിൽ പോയ ആഭരണ നിര്‍മാണ തൊഴിലാളി അറസ്റ്റിൽ. രാജസ്ഥാനില്‍ നിന്നുമാണ് പ്രതിയെ കൊണ്ടോട്ടി പോലീസ് പിടികൂടിയത്. പശ്ചിമബംഗാള്‍ ബുര്‍ധമന്‍ സ്വദേശി ഷുക്കൂറലി ഷെയ്ക്കാണ് (38) പോലീസ് പിടികൂടിയത്.

കൊണ്ടോട്ടിയില്‍ ആഭരണ നിര്‍മാണ മേഖലയിൽ ജോലി ചെയ്യുന്ന ഷുക്കൂറലി 302 ഗ്രാം സ്വര്‍ണവുമായി മേയ് രണ്ടിനു കടന്നുകളയുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ജില്ല പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്‌റഫിന്റെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

രാജസ്ഥാനിലെ ജയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ ഒളിവിലായിരുന്നെന്ന് പോലീസ് പറഞ്ഞു. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave A Reply