നിക്ഷേപകരുടെ പണവുമായി ഒളിവിൽ; സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് അറസ്റ്റിൽ

തിരൂരങ്ങാടി: കലക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയ സംഭവത്തിൽ തിരൂരങ്ങാടി സര്‍വിസ് സഹകരണ ബാങ്കിലെ കലക്ഷന്‍ ഏജന്റ് അറസ്റ്റിൽ. ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ (42) തിരൂരങ്ങാടി പോലീസ് പിടികൂടിയത്.

കഴിനാജ് ദിവസം പുലര്‍ച്ചെ കര്‍ണാടകയില്‍നിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞമാസം 28ന് രാവിലെ ബാങ്കിലേക്കെന്നും പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ സര്‍ഫാസ് മുങ്ങുകയായിരുന്നു. 160ഓളം അക്കൗണ്ടുകളില്‍ നിന്നായി 64 ലക്ഷം രൂപയോളം തിരിമറി നടത്തിയതായി ബാങ്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് തലത്തിൽ പരിശോധന ആരംഭിച്ചതായി അസി. രജിസ്ട്രാർ അറിയിച്ചു. ഇടപാടുകാർ ആശങ്കപ്പെടേണ്ടെന്നും തുക തിരിച്ചുനൽകുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.

Leave A Reply