കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിലെ ആറന്മുള കുഴിക്കാല സ്വദേശിനി അനിതയുടെ (29) മരണത്തിൽ അറസ്റ്റിലായ ഭാർത്താവ് റിമാൻഡിൽ. മല്ലപ്പുഴശ്ശേരി കുറുന്താർ ജ്യോതി നിവാസിൽ ജ്യോതിഷിനെ (31) ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇയാൾ അനിതയെ സ്നേഹിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങളും വാഹനവും വിറ്റു ചെലവഴിക്കുകയും യുവതിയുടെ വീട്ടിൽ താമസിച്ച് ഭാര്യക്കും കുട്ടിക്കും ചെലവിനു കൊടുക്കാതെയും ജീവിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ആദ്യ പ്രസവത്തിനു ശേഷം പെട്ടെന്നുതന്നെ ഭാര്യ വീണ്ടും ഗർഭിണിയായ വിവരം ബന്ധുക്കളിൽനിന്ന് മറച്ചുവെച്ചു.ഇതോടെ ആവശ്യമായ ചികിത്സയും പരിചരണവും നൽകാതെ വന്നത് ഗർഭസ്ഥശിശു മരിക്കുന്നതിനു ഇടയാക്കി.
മരിച്ച ശിശുവിനെ നീക്കം ചെയ്യാൻ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മട്ടൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ അവിടെ കൊണ്ടുപോകാതെ രണ്ടു മാസത്തോളം വയറ്റിൽ കിടക്കുന്നതിന് ഇടയാക്കി. ഇതോടെ ശരീരമാസകലം ഉണ്ടായ അണുബാധ മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനിത ജൂൺ 28ന് മരിക്കുകയായിരുന്നു.യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം അവിടെനിന്ന് മുങ്ങിയ പ്രതി ഭാര്യയുടെ ചികിത്സക്കായി പലരിൽനിന്നും പണം വാങ്ങിയ ശേഷം സ്വന്തം ആവശ്യങ്ങൾക്കായി ചെലവഴിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.
പ്രതിയെ പത്തനംതിട്ട ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറന്മുള ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ അനിരുദ്ധൻ, എസ്.ഐ ഹരീന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.