കുടുംബശ്രീയുടെ വളർച്ചയിൽ നിർണായകമായത് ടി.കെ.  ജോസിന്റെ ആശയങ്ങൾ

തിരുവനന്തപുരം ∙ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുമായ ടി.കെ. ജോസ് വിരമിച്ചു.  31 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഒട്ടേറെ സുപ്രധാന പദവികൾ വഹിക്കുകയും ഏറ്റെടുത്ത ചുമതലകൾ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്ത ശേഷമാണ് വിരമിക്കൽ. കുടുംബശ്രീക്കു മേൽവിലാസം ഉണ്ടാക്കിയ ഉദ്യോഗസ്ഥനായാണ് ടി.കെ. ജോസ് പ്രശസ്തനായത്. 25 വർഷം പിന്നിടുന്ന കുടുംബശ്രീയുടെ വളർച്ചയിൽ നിർണായകമായത് ടി.കെ.  ജോസിന്റെ ആശയങ്ങളായിരുന്നു.

കുടുംബശ്രീയുടെ ഐടി അറ്റ് സ്കൂൾ പദ്ധതിയും ഭിന്നശേഷിക്കാർക്കായുള്ള ബഡ്സ് സ്കൂളും വേറിട്ട മാതൃകകളായി. മികച്ച വികസന മാതൃകയ്ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം കുടുംബശ്രീയെ തേടിയെത്തിയത് ജോസിന്റെ പ്രവർത്തനങ്ങൾക്കു കൂടിയുള്ള അംഗീകാരമായി.

മലപ്പുറം കലക്ടർ ആയിരിക്കെയാണ് ജോസ് കുടുംബശ്രീ എന്ന ആശയം സർക്കാരിന് സമർപ്പിക്കുന്നത്.

ഇടുക്കി കലക്ടർ ആയിരിക്കെ കുടുംബശ്രീ മിഷൻ ഡയറക്ടർ ആയി ചുമതലയേറ്റു. ദീർഘകാലം തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ചു. തുടർന്ന് ആഭ്യന്തര സെക്രട്ടറിയായി. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. സർവീസിൽ എത്തുന്നതിന് മുൻപു കുറച്ചുകാലം മൂവാറ്റുപുഴ നിർമല കോളജിൽ ലക്ചറർ ആയും പ്രവർത്തിച്ചു.

Leave A Reply