ഗാന്ധിനഗര്‍: അജ്ഞാത മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലാതെ ആര്‍പ്പൂക്കര പഞ്ചായത്ത് അധികൃതര്‍ നെട്ടോട്ടമോടി.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച വയോധികന്റെ മൃതദേഹം സംസ്കരിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ ഏറെ ബുദ്ധിമുട്ടിയത്.കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ അന്വേഷിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കിടങ്ങൂര്‍ പഞ്ചായത്തിന്റെ പൊതു ശ്മശാനത്തില്‍ സംസ്കരിക്കാന്‍ അനുവാദം ലഭിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് റോസ്ലി ടോമിച്ചന്റെ നേതൃത്വത്തില്‍ സംസ്കരിക്കുകയുമായിരുന്നു. കഴിഞ്ഞ 18ന് രാവിലെ എട്ടിന് മെഡിക്കല്‍ കോളജ് പഴയ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്‍വശമാണ് 65 വയസ്സ് പ്രായം തോന്നിക്കുന്ന വയോധികനെ മരിച്ചനിലയില്‍ കണ്ടത്.
പൊലീസ് നടപടിക്കുശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ആരുടേതെന്നോ ബന്ധുക്കളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹം സംസ്കരിക്കാന്‍ ആശുപത്രി അധികൃതര്‍ ആര്‍പ്പൂക്കര പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കിടങ്ങൂര്‍ പഞ്ചായത്തിന്റെ പൊതുശ്മശാനത്തില്‍ സംസ്കരിക്കാന്‍ അനുമതി നല്‍കിയതിനാലാണ് വെള്ളിയാഴ്ച സംസ്കരിക്കാനായതെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് റോസ്ലി ടോമിച്ചന് പറഞ്ഞു.
മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്നത് ആര്‍പ്പൂക്കര പഞ്ചായത്തിലാണ്.എന്നാല്‍, ആശുപത്രിയുടെ ഉപയോഗശൂന്യമായ സ്ഥലത്ത് ഒരു പൊതുശ്മശാനം സ്ഥാപിക്കാന്‍ വര്‍ഷങ്ങളായി പഞ്ചായത്ത് ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുമതി നല്കാന് ആശുപത്രി അധികൃതര്‍ തയാറാകുന്നില്ല. കോവിഡ് മൂലം മരണപ്പെട്ടവരുടേതടക്കം നിരവധി മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പഞ്ചായത്ത് ബുദ്ധിമുട്ടുകയാണ്. പൊതുശ്മശാനത്തിനുള്ള സ്ഥലം അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അല്ലെങ്കില്‍ അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ തുടര്‍ന്നും ബുദ്ധിമുട്ടുണ്ടാകുമെന്നും റോസിലി ടോമിച്ചന് പറഞ്ഞു.