കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന അർജന്റീനയിൽ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസിനെ കുരുക്കി ധനമന്ത്രിയുടെ പെട്ടെന്നുള്ള രാജി. മാർട്ടിൻ ഗുസ്മാനാണ് അപ്രതീക്ഷിതമായി രാജി നൽകിയത്.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിനിമയനിരക്കിലേക്ക് അർജന്റീനയുടെ നാണയമായ പെസോ പതിക്കുകയും നാണയപ്പെരുപ്പം കുത്തനെ ഉയരുകയും ചെയ്ത് രാജ്യം കനത്ത പ്രതിസന്ധിക്കു നടുവിലാണ്. ഡീസൽ ദൗർലഭ്യത്തിനെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരം മറ്റൊരു വശത്തും. ഇതിനിടെയാണ് ഭരണകൂടത്തെ മുൾമുനയിലാക്കി രാജി.
വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഭരണകൂടത്തിന്റെ സാമ്പത്തികനയങ്ങളെ കണക്കിന് വിമർശിച്ച് പ്രഭാഷണം നടത്തുന്ന അതേ സമയത്തായിരുന്നു ഗുസ്മാൻ തന്റെ രാജിക്കത്ത് പ്രസിഡന്റിന് കൈമാറിയത്.