കല്ലമ്പലം: ചാത്തമ്പറയിൽ കുടുംബത്തിന്റെ മരണത്തിന് കാരണമായത് കടബാധ്യതകളെന്ന നിഗമനത്തിലാണ് പൊലീസ്. അതിനുമപ്പുറം മറ്റു കാരണങ്ങൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തമിഴ്നാട്ടിൽ തോട്ടം പാട്ടത്തിന് എടുത്തതിൽ മണിക്കുട്ടന് നഷ്ടമുണ്ടായിരുന്നു.
മാവ്, കാട്ടുനെല്ലി, പൂവ് കൃഷി എന്നിവ ഉൾപ്പെടുന്നതായിരുന്നു തോട്ടം. കരാർ പ്രകാരം തോട്ടം എടുത്ത് ഒരുവർഷം കഴിഞ്ഞപ്പോൾ കോവിഡ് പ്രതിസന്ധി വന്നു. ഇതോടെ തോട്ടം നടത്തിപ്പ്, ആദായമെടുക്കൽ, വിപണനം എന്നിവ പ്രതിസന്ധിയിലായി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറിയപ്പോൾ കരാർ കാലാവധിയും കഴിഞ്ഞു. ഇതിൽ അഞ്ചുലക്ഷം രൂപയുടെ ബാധ്യതയാണ് വന്നതത്രെ. കോവിഡ് കാലത്ത് തട്ടുകട അടച്ചിടേണ്ടി വന്നതും കടം വർധിപ്പിച്ചു.
എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ കട സജീവമായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ കട പരിശോധിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ ചുമത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. ഈ പിഴത്തുക മണിക്കുട്ടൻ വ്യാഴാഴ്ച ഒടുക്കി.
ഇതിനുശേഷം ശനിയാഴ്ച കട തുറക്കാൻ തീരുമാനിക്കുകയും ജീവനക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് കടയിലെ തൊഴിലാളി ഷംനാദ് പുലർച്ച വീട്ടിലെത്തുന്നതും. അപ്പോൾ വീടിന് മുന്നിലെ വരാന്തയിൽ ഹോട്ടലിലേക്ക് ആവശ്യമുള്ള ഇരുപത് കിലോയോളം സവാളയും തൊലി കളഞ്ഞ് വെച്ചിരുന്നു.
സാധാരണ ഓരോ ദിവസവും കടയിലേക്ക് ആവശ്യമുള്ള സവാള തലേദിവസം വീട്ടിൽ തൊലി കളഞ്ഞു വെക്കും. ജോലി എളുപ്പത്തിനാണ് ഇത് ചെയ്യുന്നത്. ശനിയാഴ്ച കട തുറക്കാനുള്ള പ്രവർത്തനങ്ങൾ വീട്ടിലും നടന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. നേരത്തേയും ആരോഗ്യവകുപ്പ് പരിശോധനയിൽ കടക്ക് പിഴ ചുമത്തിയിട്ടുണ്ടത്രെ.