കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ഹാർബറിൽനിന്ന് മത്സ്യബന്ധന ബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽക്കുന്ന സംഘത്തിൽപെട്ട രണ്ടുപേരെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ കീഴിലുള്ള പൊലീസ് സംഘവും തൃശൂർ റൂറൽ ജില്ല ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.
മതിലകം കൂളിമുട്ടം പൊക്കളായി സ്വദേശികളായ പുന്നക്കത്തറയിൽ അരുൺ (35), കൊട്ടേക്കാട്ട് സംഗീത് (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മത്സ്യത്തൊഴിലാളികളാണ്. പ്രതികൾ ഏപ്രിൽ മുതലാണ് എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്താൻ തുടങ്ങിയത്. അഞ്ച് ബോട്ടുകളിലെ എൻജിനുകൾ ഇത്തരത്തിൽ മോഷ്ടിച്ചു വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
നങ്കൂരമിട്ട് കിടക്കുന്ന ബോട്ടുകളിലേക്ക് വള്ളങ്ങളിൽചെന്ന് എൻജിനുകൾ കൈക്കലാക്കി തിരികെ തീരത്തെത്തി കാത്തുകിടക്കുന്ന വണ്ടിയിൽ കയറ്റി കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽപന നടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്. ഇത്തരത്തിൽ കിട്ടുന്ന തുകകൊണ്ട് ബോട്ട് സ്വന്തമായി വാങ്ങുകയായിരുന്നു ലക്ഷ്യം.
എൻജിനുകൾ നഷ്ടപ്പെട്ട ബോട്ടുകളുടെ ഉടമസ്ഥരുടെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ മോഷണ കേസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് കടലോര ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നൂ.