സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴയിൽ നിരവധിയിടങ്ങളിൽ നാശനഷ്‌ടങ്ങളുണ്ടായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതാണ് മഴ കനക്കാൻ കാരണമായിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷയ്ക്ക് മുകളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും സ്വാധീന ഫലമായി കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂലായ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.

കനത്ത മഴയിൽ ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. ഇടുക്കി മുരിക്കാശേരിക്ക് സമീപം പതിനാറാംകണ്ടത്താണ് സംഭവം. നേരിയ പരിക്കുകളോടെ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഇടുക്കി പാബ്ല ഡാമിന്റെ ഷട്ടറുകൾ 70 സെന്റീ മീറ്റർ തുറന്നു.

എറണാകുളം പൂയംകുട്ടിയിലെ മണികണ്‌ഠൻചാൽ പാലം മുങ്ങി. നാല് ആദിവാസി കുടികളിലേക്കും മലയോര ഗ്രാമമായ മണികണ്‌ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ പാലം. പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്.

Leave A Reply