കൊടുങ്ങല്ലൂർ: അഴീക്കോട് ഹാർബറിൽനിന്ന് മത്സ്യബന്ധന ബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപെട്ട രണ്ടുപേർ പിടിയിൽ.കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ കീഴിലുള്ള പോലീസ് സംഘവും തൃശൂർ റൂറൽ ജില്ല ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മതിലകം സ്വദേശി അരുൺ (35), കൊട്ടേക്കാട്ട് സംഗീത് (24) എന്നിവരാണ് പോലീസ് പിടിയിലായത്.പ്രതികൾ ഏപ്രിൽ മുതലാണ് എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്താൻ ആരംഭിച്ചത്.ഇത്തരത്തിൽ അഞ്ച് ബോട്ടുകളിലെ എൻജിനുകൾ മോഷ്ടിച്ചു വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
നങ്കൂരമിട്ട് കിടക്കുന്ന ബോട്ടുകളിലേക്ക് വള്ളങ്ങളിൽ എത്തി എൻജിനുകൾ കൈക്കലാക്കി തീരത്ത് കാത്തുകിടക്കുന്ന വണ്ടിയിൽ കയറ്റി കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്. ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ, കൊടുങ്ങല്ലൂർ ഐ.എസ്.എച്ച്.ഒ ബ്രിജുകുമാർ, അഴീക്കോട് കോസ്റ്റൽ പോലീസ് ഐ.എസ്.എച്ച്.ഒ സി. ബിനു, ക്രൈം സ്ക്വാഡ് പി.സി സുനിൽ, ജി.എസ്.സി.പി.ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, സി.പി.ഒമാരായ നിഷാന്ത്, അരുൺ നാഥ്, സിന്റോ, വിബിൻ, ശ്യാം കെ. ശിവൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.