12 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

കോഴിക്കോട്∙ തലക്കുളത്തൂരിൽ വൻ കഞ്ചാവ് വേട്ട; ഗൂഗിൾപേ പോലുള്ള ഓൺലൈൻ ബാങ്കിങ് പോർട്ടൽ വഴി പണം വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ ലഹരിമരുന്ന് എത്തിച്ചു നൽകുന്ന രണ്ടു യുവാക്കളെയാണ് പിടികൂടിയത്. ഇവരുടെ കയ്യിൽനിന്ന് 12 കിലോ കഞ്ചാവും പിടികൂടി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങൽ വീട്ടിൽ ഇർഷാദ് (33), അങ്ങാടിപ്പുറം പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരെയാണ് തലക്കുളത്തൂർ സ്കൂൾ പരിസരച്ചുവച്ച് കോഴിക്കോട് ഡൻസാഫും എലത്തൂർ പോലീസും ചേർന്ന് പിടികൂടിയത്.

ഇർഷാദിന്റെ സഹോദരന്റെ വാഹനത്തിൽ കഞ്ചാവുമായെത്തിയപ്പോഴാണ് പിടികൂടിയത്. പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്നവരാണ് ഇവർ. ആന്ധ്രയിൽനിന്നു റോഡ് മാർഗം പെരിന്തൽമണ്ണയിലെത്തിച്ച ശേഷം വിതരണം ചെയ്യുന്നതാണ് പതിവ്. പൊലീസിനെ കബളിപ്പിക്കാൻ മൊബൈൽഫോണുമായി പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ചശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് പോവുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്.

തിരൂരിനിന്നു തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തശേഷം മലബാറിലെ ജില്ലകളിൽ ഓട്ടോറിക്ഷയിലും ബൈക്കിലുമായി കഞ്ചാവ് വിതരണം ചെയ്തും പൊലീസിന്റെ ശ്രദ്ധ തിരിക്കുന്നതാണു പതിവ്. ഗൂഗിൾ പേ വഴി പണം നൽകിയശേഷം കഞ്ചാവ് എത്തിക്കേണ്ട സ്ഥലം വാട്സാപ് വഴി അയച്ചുനൽകാനാണ് ഇവർ ആവശ്യപ്പെടാറുള്ളത്. ആന്ധ്രയിൽനിന്നു കിലോയ്ക്ക് 2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവിന് ഇവിടെ കിലോയ്ക്ക് 30,000 രൂപയാണ് ഈടാക്കുന്നത്. ഗൂഗിൾ പേ ഉപയോഗിക്കാൻ ഓരോ തവണയും വിവിധ അക്കൗണ്ട് നമ്പറുകളാണ് ഇർഷാദ് നൽകിയിരുന്നത്.

Leave A Reply