ആലപ്പുഴ: ഓരോമേഖലയിലും കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയാനുള്ള ക്രൈംമാപ്പിങ്ങ് പദ്ധതിയുമായി കുടുംബശ്രീ.അതിക്രമങ്ങൾ അടയാളപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ ഇവയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തിലെയും ഒരു സി.ഡി.എസിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 152 ബ്ലോക്കുകളിൽ പരിശീലനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി ജില്ലയിലെ 12 ബ്ലോക്കുകളിൽ തെരഞ്ഞെടുത്ത 12 തദ്ദേശസ്ഥാപനങ്ങളിലാണ് മാപ്പിങ് നടത്തുന്നത്.
കുറ്റകൃത്യങ്ങൾ നടക്കുന്നസ്ഥലം, സന്ദർഭം എന്നിവ കണ്ടെത്തി സാഹചര്യം വിലയിരുത്തി കുറ്റകൃത്യം കുറക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യം. മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം, സാമൂഹികം, വാചികം എന്നീ ഏഴുതരം അതിക്രമങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ. അതിക്രമങ്ങൾ നടക്കുന്ന സ്ഥലം കണ്ടെത്തി അയൽക്കൂട്ട അംഗങ്ങളിലാണ് വിവരശേഖരണം നടത്തുന്നത്.
ഇതിൻറെ അടിസ്ഥാനത്തിൽ കുടുംബശ്രീ തയാറാക്കുന്ന റിപ്പോർട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറും. തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും ബോധവത്കരണവും നടത്തും. ഇതിനൊപ്പം ഗാർഹിക പീഡനം, അവകാശങ്ങൾ എന്നിവയെക്കുറിച്ചും ബോധവത്കരണമുണ്ടായിരിക്കുന്നതാണ്.