അമ്പലപ്പുഴ: ഗവ. ഡെന്റൽ കോളേജ് കെട്ടിട നിർമാണം അനന്തമായി നീളുന്നു. ഇതോടെ സൗകര്യങ്ങൾ കുറഞ്ഞ പാരാമെഡിക്കൽ കെട്ടിടത്തിലാണ് നിലവിൽ കോളേജിന്റെ പ്രവർത്തനം.കോളേജിന്റെ ഒന്നാം ഘട്ടം പണി മാത്രമാണ് ഇതിനോടകം പൂർത്തിയാക്കാനായത്. രണ്ടാം ഘട്ടം പണിയാണ് പാതിവഴിയിലായത്. മൂന്ന് ബില്ലുകളിലായി 10 കോടിയാണ് കരാർ ഏജൻസിക്ക് സർക്കാർ നൽകാനുള്ളത്.ഇതോടെ ഒരു വർഷത്തിലേറെയായി നിർമാണം ഇഴയുകയാണ്.
2014 ആഗസ്റ്റ് 16ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കോളേജ് ഉദ്ഘാടനം ചെയ്തത്. ഒന്നാം ഘട്ടത്തിന് 26.7 കോടിയും രണ്ടാം ഘട്ടത്തിന് 31.74 കോടിയും അടക്കം ആകെ 58.44 കോടി അനുവദിച്ചിരുന്നു. എന്നാൽ, കെട്ടിടം നിർമാണം 2017ലാണ് തുടങ്ങിയത്. രണ്ടു വർഷത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയായി കോളജ് ഇവിടേക്ക് മാറ്റുമെന്നാണ് അന്ന് അധികാരികൾ അറിയിച്ചത്. 50 വിദ്യാർഥികൾക്കാണ് പ്രവേശനം. ഇന്ത്യൻ ഡെന്റൽ കൗൺസിൽ പ്രതിനിധികൾ എല്ലാ വർഷവും പരിശോധന നടത്തി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് നിർദേശിക്കാറുണ്ട്.
നിലവിലെ കെട്ടിടത്തിലാണ് കോളജും ആശുപത്രിയും പ്രവർത്തിക്കുന്നത്. കോളേജ് കെട്ടിട നിർമാണം അനിശ്ചിതമായി നീണ്ടാൽ കോളേജിന്റെ അംഗീകാരം പ്രതിസന്ധിയിലാകും. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാർക്ക് തുക നൽകി നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.