ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേള, ഏകാരോഗ്യം പദ്ധതി ഉദ്ഘാടനം നാളെ

പത്തനംതിട്ട :  സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബ്ലോക്ക് ആരോഗ്യമേളയ്ക്ക് ജില്ലയില്‍ നാളെ (ജൂണ്‍ 25) തുടക്കമാകും. ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെയും, ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളെ (ജൂണ്‍ 25) രാവിലെ ഒന്‍പതിന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

പൊതുജനാരോഗ്യ മേഖലയില്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തപ്പെടുന്ന പദ്ധതികള്‍ സംബന്ധിച്ച് അവബോധം നല്‍കുക, ആരോഗ്യസംരക്ഷണത്തിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, പകര്‍ച്ചവ്യാധി രോഗങ്ങള്‍ നേരത്തെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക, ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ നേരിട്ട് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി  മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിശിഷ്ടാതിഥിയായിരിക്കും. ആരോഗ്യ മേളയ്ക്ക് മുന്നോടിയായി രാവിലെ 8.15ന് കോഴഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന വിളംബരറാലിയുടെ ഫ്ളാഗ്ഓഫ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നിര്‍വഹിക്കും.

ആരോഗ്യമേളയുടെ ഭാഗമായി രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ സെമിനാറുകളും അലോപ്പതി, ഡെന്റല്‍, ആയുര്‍വേദം, ഹോമിയോ, ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ്, ഇ- സഞ്ജീവനി ടെലിമെഡിസിന്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും അഡോളസെന്റ് കൗണ്‍സിലിംഗ്, ഹെല്‍ത്ത് എക്സിബിഷന്‍, ഫുഡ് എക്സിബിഷന്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്‌ക്, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, സ്റ്റാളുകള്‍, കലാപരിപാടികള്‍ എന്നിവ നടക്കും.

Leave A Reply