നമ്ബര്‍ പ്ലേറ്റ് ഇല്ലാതെ ബൈക്കോടിച്ചതിന് യുവാവ് പിടിയില്‍;ആര്‍ സി ഉടമയായ അമ്മയ്ക്കെതിരെയും നടപടി

കാസര്‍കോട്: നമ്ബര്‍ പ്ലേറ്റ് ഇല്ലാതെ ബൈക്കോടിച്ചതിന് യുവാവ് പിടിയില്‍. കാഞ്ഞങ്ങാട് നയാബസാറില്‍ നിന്നാണ് പാറപ്പള്ളി സ്വദേശി ജെ പി ജാബിര്‍(21)നെ പൊലീസ് അറസ്റ്റ് ചെയ്തത്.റോഡരികിലെ ക്യാമറയില്‍ പതിയുമ്ബോള്‍ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്ബര്‍ മാറ്റിയതെന്നാണ് ജാബിര്‍ പൊലീസിന് നല്‍കിയ മറുപടി. ജാബിറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബൈക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ജാബിറിന്റെ മാതാവിന്റെ പേരിലാണ് ആ‌ര്‍ സിയെന്ന് പൊലീസ് പറഞ്ഞു. ആര്‍ സിയും ലൈസന്‍സും സസ്പെന്റ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൊസ്ദുര്‍ഗ് എസ് ഐ കെ പി സതീഷ് പറഞ്ഞു.

നിരവധി ബൈക്കുകളാണ് നമ്ബര്‍ പ്ലേറ്റ് അഴിച്ചുവച്ചും നമ്ബര്‍ മറച്ചും ചീറിപ്പായുന്നത്. അമിത വേഗത്തിലാണ് ഇവരുടെ സഞ്ചാരം, പൊലീസ് കൈനീട്ടിയാലും നിര്‍ത്തില്ല. നമ്ബര്‍ നോക്കി പിടിക്കാനും പറ്റില്ല. ഇത്തരത്തില്‍ കാഞ്ഞങ്ങാട്ടുമാത്രം പത്തിലേറെ ബൈക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് പറഞ്ഞു.

Leave A Reply