വിമാനത്തിനുള്ളിലെ പ്രതിഷേധം: പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രത്യേക അന്വേഷണം സംഘം. മുഖ്യമന്ത്രിയോട് പ്രതികൾക്ക് വ്യക്തി വിരോധമില്ലെന്നാണ് ജാമ്യ ഉത്തരവിലെ പരാമർശമെങ്കിലും വധശ്രമ വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. വിചാരണക്കായി പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ട് പൊലീസ് കേന്ദ്ര സർക്കാരിനെ സമീപിക്കാനും നീക്കമുണ്ട്.

മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉന്നയിച്ച സംശയങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതികള്‍ക്കുണ്ടായിരുന്നത് രാഷ്ട്രീയ വിരോധം മാത്രമാണെന്നും ആയുധവുമായല്ല വിമാനത്തിൽ കയറിയതെന്നുമാണ് കോടതി വിലയിരുത്തൽ. വധശ്രമവകുപ്പ് നിലനിൽക്കുമോയെന്ന നിയമപരമായ ആശങ്ക ഉയരുമ്പോള്‍ തെളിവുകള്‍ ശേഖരിച്ച് കേസിന്‍റെ നിലനിൽപ്പിനായി ശ്രമിക്കുകയാണ് അന്വേഷണ സംഘം. ജാമ്യം ലഭിച്ച പ്രതികള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കണ്ണൂരിലും തിരുവന്തപുരത്തുമായി പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

10 ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്ന നിഗമനത്തിലാണ് പൊലീസ്. വ്യക്തപരമായാലും രാഷ്ട്രീയമായാലും വിരോധമുണ്ടെന്ന കാര്യത്തിൽ കോടതി വിലയിരുത്തുന്നുണ്ടെന്നാണാണ് അന്വേഷണ സംഘത്തിന്‍റെ വാദം. മുദ്രാവാക്യം വിളിച്ചെന്ന കാര്യം എയർപോർട്ട് മാനേജർ രണ്ടാം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് വിശദമായ അന്വേഷണത്തിന് ശേഷമെന്നാണ് പൊലീസ് പറയുന്നത്.

Leave A Reply