വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പ്രതി അറസ്റ്റിൽ

തിരൂർ: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തലക്കടത്തൂർ പറമ്പത്ത് വീട്ടിൽ അമീറിനെയാണ് (29) തിരൂർ പൊലീസ് പിടികൂടിയത്.തിരൂർ, നിലമ്പൂർ സ്വദേശികളായ യുവാക്കളിൽനിന്നാണ് പ്രതി അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റി വിസ നൽകാതെ മുങ്ങിയത്.

തിരൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കവെയാണ് പ്രതിയെ കഴിഞ്ഞദിവസം രാത്രിയിൽ തലക്കടത്തൂരിൽവെച്ച് പൊലീസ് പിടികൂടിയത്.തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രൊബേഷൻ എസ്.ഐ സനീത്, എസ്.സി.പി.ഒമാരായ ജിനേഷ്, സരിത, സി.പി.ഒ ഉണ്ണിക്കുട്ടൻ വേട്ടാത്ത് എന്നിവരടങ്ങിയ സംഘമാണ് അമീറിനെ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply