ദിവാകരൻ ചോമ്പാല
ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തപോലുള്ള ഒരു കുഞ്ഞുപൂവ്. ലിപ്സ്റ്റിക് ചെടി !
ആരാമസുന്ദരികളായ അലങ്കാരച്ചെടികളെ പ്രണയിക്കുന്നവർക്കെല്ലാം ലിപ്സ്റ്റിക് ചെടി ഒരുതരം സ്വകാര്യ അഹങ്കാരമാണ്. എന്റെ കളക്ഷനിലുമൂണ്ട് ലിപ്സ്റ്റിക് ചെടി എന്ന് അൽപ്പം നടുനിവർത്തി അഭിമാനപൂർവ്വം പറയുന്നതും ഒരു രസം .
മുറുക്കിച്ചുവപ്പിച്ചതാണോ അതോ മുത്തിച്ചുവപ്പിച്ചതോ എന്ന് തോന്നുമാറുള്ള രക്തവർണ്ണാങ്കിതമായ ശോണിതാധരങ്ങൾ സ്വന്തമായുള്ളതു കൊണ്ടു തന്നെയാവാം
വിനയാന്വിതയായി സ്ത്രൈണ ഭാവത്തിൽ ലാളിത്വത്തോടെ തലകുനിച്ചു താഴോട്ട് വളരുന്നതും ഈ ചെടിയുടെ മറ്റൊരു പ്രത്യേകത . ചില ചെടികളുടെ പേരുകൾ നമ്മൾ ഒരിക്കലും മറന്നുപോകാറില്ല . ഉദാഹരണമായി ബ്ളീഡിംഗ് ഹാർട്ട് .അഥവാ Dicentra spectabili. ഹൃദയത്തിന്റെ രൂപസാദൃശ്യമുള്ള കുഞ്ഞിതളുകളുള്ള പൂക്കൾ വിരിയുന്ന ഈ വള്ളിച്ചെടിയിലെ പൂക്കൾ വെളുപ്പും ചുകപ്പും നിറങ്ങളിൽ .പൂക്കൾക്ക് കടല മണികൾ പിളർന്നപോലുള്ള രൂപഘടന . ഈ പൂവിനുള്ളിൽനിന്നും ചോരത്തുള്ളികൾ ഇറ്റിവീഴുന്നപോലെ തോന്നും .
ബ്ലീഡിംഗ് ഹാർട്ട് എന്ന പേരിട്ടതും അതുകൊണ്ടാവാം .
തെളിഞ്ഞുകത്തുന്ന മെഴുക് തിരിയെ ഓർമ്മിപ്പിക്കുന്നു കാൻഡിൽ ഫ്ളവറാണ് മറ്റൊന്ന് . പൂച്ചവാലിന്റെ തനിമ ചോരാത്ത നിലയിലുള്ളതുകൊണ്ടാവാം കാറ്റ്സ് ടൈൽ എന്നപേരിലറിയപ്പെടുന്ന മറ്റൊരു ചെടി പൂച്ചവാൽച്ചെടി. അമ്മായിയമ്മയുടെ നാവ് എന്ന അർത്ഥത്തിൽ Mother In Laws Tongue എന്ന മറ്റൊരു ഇൻഡോർ പ്ളാൻറ് !
എസ്കിനാന്തസ് മോണിറ്റേറിയ (Aeschynanthus monetaria ) എന്ന സസ്യവർഗ്ഗവിഭാഗത്തിൽപെട്ട ഇന്ത്യൻ ലിപ്സ്റ്റിക് പ്ലാൻറ് കടുത്ത വംശനാശഭീഷണി നേരിടുന്നതായാണ് ഫ്ളോറിസ്റ്റിക് പഠനത്തിലൂടെ ഇന്റർനേഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൻറെ ഈ അടുത്തകാലത്തെ കണ്ടെത്തൽ .
നൂറിലേറെ വർഷങ്ങളായി വിസ്മൃതിയിലാണ്ടിരുന്ന ഇന്ത്യൻ ലിപ്സ്റ്റിക് പ്ലാൻറ് എന്ന ഈ അപൂർവ്വ സസ്യം അരുണാചൽപ്രദേശിലെ അഞ്ജാവ് ജില്ലയിൽപെട്ട ഹ്യുലിയാംഗിൽ കഴിഞ്ഞ ഡിസംബറിൽ കണ്ടെത്തിയതായി ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ (BSI ) യുടെ പ്രമുഖ ഗവേഷകൻ കൃഷ്ണ ചൗലൂ സാക്ഷ്യപ്പെടുത്തുന്നതായാണ് സമീപകാല വാർത്തകൾ .
കാടില്ലാതാവുന്നു .കാവുകളില്ലാതാവുന്നു.ക്രമാതീ
മാഹി ചാലക്കരയിലെ ഷനൂജ് എന്ന എന്റെ സഹോദരൻറെ വീട്ടിൽ നിന്നാണ് ഞാനിതിന്റെ തണ്ടു വെട്ടിയെടുത്ത് മുളപ്പിച്ചെടുത്തത് .റൂട്ട് ഹോർമ്മോൺ പ്രയോഗമൊന്നുമില്ലാതെ . എനിക്കടുത്തറിയാവുന്ന ഒരുപാട് വീടുകളിലിലെ പൂന്തോട്ടങ്ങളിൽ അപൂർവ്വമാണെന്നറിയുന്ന ഈ ചെടി നേരത്തെതന്നെ ഞാൻ കണ്ടിട്ടുമുണ്ട് .അധികവും ഹൈബ്രന്റ് റെഡ് നിറത്തിലുള്ള പൂക്കൾ .
പിങ്ക് നിറത്തിലുള്ളവയും ഇല്ലാതല്ല .
നല്ല വായുസഞ്ചാരവും വളക്കൂറുള്ളതുമായ ഇളക്കമുള്ള മണ്ണിൽ നട്ട ലിപ്സ്റ്റിക് പ്ലാൻറ് അത്യാവശ്യം നല്ല സൂര്യവെളിച്ചവും ഭാഗികമായ തണലും ഉള്ള സ്ഥലങ്ങളിൽ കൂടുതൽ ആരോഗ്യത്തോടെ വളരുന്നതായാണ് കണ്ടുവരുന്നത് .
സമൃദ്ധിയായി പൂക്കളും കാണും .ഒക്ടോബറിനും ജനുവരിക്കുമിടയിലാണ് പൂക്കൾ കൂടുതലായി വിരിഞ്ഞുണരുന്നത് . മൃദുലവും മാസളവുമായ അറ്റം ഉരുണ്ട ആകൃതിയിലുള്ള കടും പച്ചനിറത്തിലുള്ള ഇതിന്റെ ഇലകളും മനോഹരമാണ് .
പൂക്കളില്ലാത്തപ്പോഴും തൂക്കുചട്ടിയിൽ വളർത്തുന്ന ഒരുതരം ഇലച്ചെടിയുടെ ഭാവവും ചാരുതയും ഈ ചെടി തരുന്നുമുണ്ട് .
നന കൂടുതൽ ആവശ്യമില്ല .കൂടുതൽ ജലസാന്നിധ്യമുണ്ടായാൽ വേരുചീയൽ സംഭവിക്കുമെന്നുറപ്പ് .ഇടയ്ക്കിടെ ജൈവ കുമിൾ നാശിനിയോ മറ്റു കുമിൾ നാശിനിയോ പ്രയോഗിക്കേണ്ടത് അനിവാര്യം . വംശനാശഭീഷണി നേരിടുന്ന ഈ ചെടിയെ നട്ടും നനച്ചും വെട്ടിയും കിളിർപ്പിച്ചും കൈമാറ്റം ചെയ്തും വംശനാശം വന്നുപോകാതെ സൂക്ഷിക്കേണ്ടത് പൂന്തോട്ട പ്രേമികളുടെ കടമയും കർത്തവ്യവുമാണെന്ന് പറയാതെ വയ്യ .