കാലഹരണപ്പെട്ട മരുന്നുകളുടെ വില്‍പ്പന: പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം :  കാലഹരണപ്പെട്ട മരുന്ന് ഉപയോഗിക്കാനായി നല്‍കിയ സംഭവത്തില്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ ഉത്തരവ്. വടക്കാങ്ങര സ്വദേശി അബ്ദുള്‍ റസാഖിന്റെ പരാതിയിലാണ് വിധി. പ്രധാനമന്ത്രി ജന്‍ ഔഷധിയില്‍ നിന്ന് കാലഹരണപ്പെട്ട മരുന്ന് ലഭിച്ചെന്നാണ് പരാതി. പ്രമേഹത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്ന താന്‍ 2020 മെയ് നാലിന് മരുന്ന് വാങ്ങി 10 ദിവസം ഉപയോഗിച്ചതിന് ശേഷമാണ് 2019 ഡിസംബറില്‍ കാലഹരണപ്പെട്ട മരുന്നാണെന്ന് ശ്രദ്ധയില്‍പ്പെട്ടതെന്ന് കമ്മീഷനെ അറിയിച്ചു.

തുടര്‍ന്ന് സ്ഥാപന ഉടമയെ കണ്ട് പരാതി പറഞ്ഞെങ്കിലും പരാതി പരിഗണിക്കാന്‍ പോലും തയാറായില്ലെന്നും മറ്റ് ഉപഭോക്താക്കള്‍ മുമ്പാകെ അപമാനിക്കുകയും ചെയ്‌തെന്നാണ് അബ്ദുറസാഖ് കമ്മീഷനില്‍ പരാതി ഉന്നയിക്കുകയായിരുന്നു. പരാതിക്കാരന്‍ ഹാജരാക്കിയത് തന്റെ സ്ഥാപനത്തില്‍ നിന്ന് വിറ്റ മരുന്നല്ലെന്നും വില്‍ക്കുന്ന മരുന്നുകള്‍ക്ക് എം.ആര്‍.പി വിലയാണ് ബില്ലില്‍ കാണിക്കാറുള്ളതെന്നും പരാതിക്കാരന്റെ ബില്ലില്‍ എം.ആര്‍.പി വിലയല്ല കാണിച്ചിരിക്കുന്നതെന്നും തന്നെ അപമാനിക്കാനാണ് പരാതി നല്‍കിയതെന്നുമായിരുന്നു ആരോപണ വിധേയനായ സ്ഥാപന ഉടമയുടെ വാദം.

ബില്ലില്‍ ബാച്ച് നമ്പര്‍, മരുന്നു നിര്‍മിച്ച തിയതി, കാലഹരണപ്പെടുന്ന തിയതി തുടങ്ങി രേഖപ്പെടുത്താനുള്ളവയൊന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ കാലാവധി കഴിഞ്ഞ മരുന്ന് കടയില്‍ നിന്നും വിറ്റതല്ലെന്ന വാദം ഉപഭോക്തൃ കമ്മീഷന്‍ സ്വീകരിച്ചില്ല. മാത്രമല്ല പ്രധാനമന്ത്രിയുടെ പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ജീവന്‍ രക്ഷാ ഔഷധങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള സംരഭത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും അനുചിതവുമായ വ്യാപാര നടപടിയാണ് സ്ഥാപന ഉടമയുടേതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

തുടര്‍ന്ന് മരുന്നിന്റെ വിലയായി ഈടാക്കിയ 270 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരമായി പരാതിക്കാരന് 20,000 രൂപയും കോടതി ചെലവായി 5,000 രൂപയും നല്‍കാന്‍ കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിക്കുകയായിരുന്നു. ഒരു മാസത്തിനകം വിധി നടപ്പാക്കണമെന്നും വീഴ്ച വരുത്തിയാല്‍ പരാതി തിയതി മുതല്‍ വിധി സംഖ്യയിന്മേല്‍ 12 ശതമാനം പലിശയും നല്‍കണമെന്നും വിധിയിലുണ്ട്.

Leave A Reply