മോഷ്ടിച്ച സ്കൂട്ടറിൽ മാല കവർച്ച; യുവാവ് റിമാൻഡിൽ

ആലക്കോട്: മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന യുവാവ് പോലീസ് പിടിയിൽ. പഴയങ്ങാടി പുതിയങ്ങാടിയിലെ തളിയിൽ ഷജിൻകുമാറാ (29)ണ് പോലീസ് പിടികൂടിയത്. 17ന് രാവിലെയായിരുന്നു കവർച്ച.

മകളെ സ്കൂൾ ബസ്സിൽ വിടാൻ റോഡിലെത്തിയ കൊട്ടയാട്ടെ തെക്കേമുറിയിൽ സോജി ജോസഫിന്റെ മാലയാണ് പ്രതി പൊട്ടിച്ചത്. കെഎൽ 59 ജി 354 നമ്പർ വെള്ള സ്കൂട്ടറിൽ എത്തിയാണ് ഇയാൾ മാല കവർന്നത്‌. ഉടൻ ആലക്കോട് പോലീസിൽ വിവരം അറിയിച്ചെങ്കിലും ഷജിൻകുമാർ ഊടുവഴിയിലൂടെ രക്ഷപ്പെട്ടു.

അന്വേഷണത്തിൽ സ്കൂട്ടർ പഴയങ്ങാടിയിൽനിന്ന്‌ മോഷണം പോയതാണെന്ന് കണ്ടെത്തി. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് നീങ്ങിയത്. ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ്‌ പ്രതിയെ പോലീസ് അറസ്‌റ്റ്‌ ചെയ്തത്. പ്രതിയെ കോടതി റിമാൻഡുചെയ്തു. മോഷ്ടിച്ച മാല പഴയങ്ങാടിയിലെ ജ്വല്ലറിയിൽനിന്ന്‌ പോലീസ് കണ്ടെടുത്തു.

Leave A Reply