തൃശൂര്‍: റവന്യൂ ജീവനക്കാരുടെ കലാമേളയായ സംസ്ഥാന റവന്യൂ കലോത്സവത്തിന് തൃശൂരില്‍ തുടക്കമാകും.വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടന് മാരാര്‍, പ്രഫ. കെ. സച്ചിദാനന്ദന്, സംവിധായകന് സത്യന് അന്തിക്കാട്, സിനിമ താരങ്ങളായ ഇന്നസെന്റ്, ടി.ജി. രവി, ഹരിശ്രീ അശോകന്, ജയരാജ് വാര്യര്‍, ഫുട്ബാള്‍താരം ഐ.എം. വിജയന്, സംഗീതജ്ഞരായ വിദ്യാധരന് മാസ്റ്റര്‍, ഹരിനാരായണന് തുടങ്ങി കലാ -കായിക -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് 3.30ന് വര്‍ണാഭമായ ഘോഷയാത്ര സി.എം.എസ് സ്കൂളിന് മുന്നില്‍നിന്ന് ആരംഭിക്കും. രാത്രി ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷം സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഫോക്ലോര് അക്കാദമിയുടെ നേതൃത്വത്തില്‍ നാടന്‍ കലാസന്ധ്യ അരങ്ങേറും.വേദി ഒന്ന് തേക്കിന്‍കാട് മൈതാനിയില്‍ ഭരതനാട്യം ആരംഭിക്കും. തുടര്‍ന്ന് ഉച്ചക്ക് 1.30ന് നാടോടിനൃത്തം മത്സരം നടക്കും. വേദി രണ്ട് ടൗണ്‍ ഹാളില്‍ രാവിലെ ഒമ്ബതു മുതല്‍ ലളിതഗാന മത്സരം, ഉച്ചക്ക് 1.30 മുതല്‍ നാടന്‍പാട്ട് ഗ്രൂപ് മത്സരങ്ങള്‍, തുടര്‍ന്ന് രാത്രി ഏഴു മുതല്‍ ഓട്ടന്തുള്ളല് മത്സരം എന്നിവയും നടക്കും. ഞായറാഴ്ച അവസാനിക്കും.