ട്രൈബല്‍ അദാലാത്തില്‍ 15 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം

വയനാട് :  നാഷണൽ ലോക് അദാലത്തുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യൽ ട്രൈബല്‍ അദാലത്ത്‌ സംഘടിപ്പിച്ചു. മാനന്തവാടി സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.പി ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗോകുലം, വടക്കേവീട് കോളനികളിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട പതിനഞ്ച് പരാതികളില്‍ തിര്‍പ്പാക്കി.

ആറുമാസമായി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന മുതിരേരി പാലത്തിന് സമാന്തരമായി നിര്‍മ്മിച്ച ചാപ്പത്ത് പാലം കാലവര്‍ഷത്തെ അതിജീവിക്കുന്ന രീതിയില്‍ ശക്തിപ്പെടുത്തുന്നതിനും പാലത്തിന് ഇരുവശത്തും കൈവരികള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് റോഡ് നിര്‍മ്മാണ ഏജന്‍സിയായ കെ.എസ്.ടി.പിയെയും കരാര്‍ കമ്പനിയായ യു.എല്‍.സി.സിയെയും അദാലാത്തിലേക്ക് വിളിച്ച് വരുത്തി നിര്‍ദേശം നല്‍കി പരാതി തിര്‍പ്പാക്കി.

അദാലാത്തിന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ സി. ഉബൈദുള്ള, പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, അഡ്വ.വി.കെ. സുലൈമാന്‍, അഡ്വ. സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply