ആകെയുള്ളത് ഒരു ഫാർമസിസ്റ്റ്, മരുന്നുവാങ്ങാൻ നീണ്ടനിര; വലഞ്ഞ് രോഗികൾ

ബാലരാമപുരം: ഫാർമസിസ്റ്റിന്‍റെ അഭാവം കാരണം കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ നേരിടുന്ന ദുരിതത്തിന് പരിഹാരമില്ല. ആഴ്ചകളായി പരാതികളും പ്രതിഷേധവും ഉയർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് പാവം രോഗികളാണ്.

നാല് ഡോക്ടർമാരും കിടത്തിചികിത്സയും ഉള്ള ഈ ആശുപത്രിയിൽ ആകെയുള്ളത് ഒരു ഫാർമസിസ്റ്റ് മാത്രമാണ്. മൂന്ന് ഫാർമസിസ്റ്റുമാർ ഉള്ള ആശുപത്രിയിൽ രണ്ടുപേർ പലകാരണങ്ങൾകൊണ്ട് ജോലിക്ക് എത്തുന്നില്ല. എന്നാൽ, പകരം സംവിധാനം ഏർപ്പെടുത്താൻ പഞ്ചായത്തും ഇതുവരെ തയ്യാറായിട്ടില്ല .

ദിനംപ്രതി നാനൂറോളം രോഗികളാണ് ഒ.പിയിൽ എത്തുന്നത്. ഇവർക്ക് മരുന്നുവിതരണത്തിനാകട്ടെ നിലവിലുള്ളത് ഒരാളും. ഇതോടെ മണിക്കൂറുകളാണ് രോഗികൾക്ക് മരുന്ന് വാങ്ങാനായി കാത്തുനിൽക്കേണ്ടിവരുന്നത്. ഇതിനിടെ രോഗികളിൽ പലരും തളർന്നുവീണ സംഭവവും ഉണ്ടായിട്ടുണ്ട്.

Leave A Reply