കണ്ണൂരിലെ റിപ്പർ മോഡൽ ആക്രമണം; പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: കുറുമാത്തൂർ കീരിയാട്ട് റിപ്പർ മോഡൽ ആക്രമം നടത്തി കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ. ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടിൽ എം.അബ്ദുൾ ജബ്ബാറിനെയാണ്(51) തളിപ്പറമ്പ് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. വീടുകളിലെത്തി മരുന്ന് വിൽപ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചയോടെ തളിപ്പറമ്പ് ഇൻസ്‌പെക്ടർ എ.വി.ദിനിേശൻ, എസ്.ഐ പി.സി.സഞ്ജയ്കുമാർ എന്നിവർ ചേർന്ന് അബ്ദുൾ ജബ്ബാറിനെ പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് കുറുമാത്തൂർ കീരിയാട്ടെ തളിയൻവീട്ടിൽ കാർത്യായനിയെ തലക്കടിച്ചുവീഴ്ത്തി മുന്നരപവൻ മാലയുമായി പ്രതി കടന്നുകളഞ്ഞത്. ഇത് 83,000 രൂപക്ക് തളിപ്പറമ്പിലെ ഒരു സ്വർണക്കടയിൽ വിറ്റതായി പ്രതി സമ്മതിച്ചു. പരിക്കേറ്റ കുറുമാത്തൂർ കീരിയാട്ടെ തളിയൻ വീട്ടിൽ കാർത്യായനിയെ ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂർ എ.കെ.ജി.സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തലയിൽ 36 തുന്നലുകളിട്ട കാർത്ത്യായനിയുടെ തലയോട്ടിയിൽ നിന്നും രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്നാണ് എ.കെ.ജിയിലേക്ക് മാറ്റിയത്. ഇവർ അപകടനില തരണം ചെയ്തതായി പോലിസ് അറിയിച്ചു.

Leave A Reply