എംഡിഎംഎയുമായി പിടിയിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

അഞ്ചാലുംമൂട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായ യുവാവിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തൃക്കരുവ വന്‍മള മാവുമ്മേല്‍ തെക്കതില്‍ മുജീബിന്‍റെ (26) സ്വകാര്യ ബാങ്കിലെ സേവിങ്സ് അക്കൗണ്ടാണ് പോലീസ് മരവിപ്പിച്ചത്. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ഇയാള്‍ പണ ഇടപാട് നടത്തിയ അക്കൗണ്ടാണ് മരവിപ്പിച്ചത്.

ജില്ലയില്‍ എം.ഡി.എം.എ സ്‌കൂള്‍ കോളജ് വിദ്യാർഥികള്‍ക്കും യുവതീയുവാക്കള്‍ക്കും എത്തിച്ചുനല്‍കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ 24ന് 46 ഗ്രാം എം.ഡി.എം.എയും ഒമ്പത് ഗ്രാം കഞ്ചാവുമാണ് മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ രണ്ടാം പ്രതി വന്‍മള മാവുമ്മേല്‍വീട്ടില്‍ മഹീന്‍റെ (24) മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ച സ്‌കൂട്ടര്‍ നേരേത്ത പോലീസ് കണ്ടുകെട്ടിയിരുന്നു.

നാർകോട്ടിക് കേസുകളുടെ നോഡല്‍ ഓഫിസറായ സി ബ്രാഞ്ച് അസി. പോലീസ് കമീഷണര്‍ സക്കറിയ മാത്യൂസിന്‍റെ മേല്‍നോട്ടത്തില്‍ അഞ്ചാലുംമൂട് എസ്എച്ച്ഒ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടര്‍ സി. ദേവരാജന്‍, എസ്.സി.പി.ഒ ദിലീപ് രാജ് ആര്‍ എന്നിവരുടെ ശ്രമഫലമായാണ് ഇയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.

Leave A Reply