ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയയാൻ കര്‍മപദ്ധതികൾ തയാറാക്കണമെന്ന് ഹൈകോടതി

കൊച്ചി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍മപദ്ധതികൾ തയാറാക്കണമെന്ന് ഹൈകോടതി.നീണ്ടകര താലൂക്ക് ആശുപത്രിയിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. അക്രമം നടന്നിട്ട് അന്വേഷണം നടത്തുന്നതിനേക്കാള്‍ സംഭവം ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടതെന്നും കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുമ്ബോഴാണ് ഡിവിഷന്‍ ബെഞ്ച് വിഷയം പരിഗണിച്ചത്.

ആശുപത്രികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ 2021 സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. നീണ്ടകര ആശുപത്രിയിലടക്കം സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനും ആക്രമിക്കപ്പെട്ടു.സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍ – പാരാമെഡിക്കല്‍ ജീവനക്കാര്‍ ഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്ന് ഐ.എം.എയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നിയമത്തില്‍ കര്‍ശന ശിക്ഷ വ്യവസ്ഥകളുണ്ട്.എന്നാല്‍, നീണ്ടകരയിലെ ആക്രമണം ഇതുമാത്രം പോരെന്നാണ് സൂചന നല്‍കുന്നതെന്ന് ഹൈകോടതി വ്യക്തമാക്കി.ആശുപത്രികളില്‍ എത്ര സുരക്ഷ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്, എത്ര പൊലീസ് എയ്‌ഡ് പോസ്റ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു . തുടര്‍ന്ന് ഹരജി ജൂലൈ 22ന് വീണ്ടും പരിഗണിക്കും .

 

Leave A Reply