കൈകോര്‍ക്കാം ലഹരിക്കെതിരെ

ഇടുക്കി :  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ നടത്തുന്ന വാരാചരണ പരിപാടിയുടെ ഭാഗമായി ”ലഹരിക്കെതിരെ കൈകോര്‍ക്കാം” ബോധവത്ക്കരണ സന്ദേശ യാത്രയുടെ ഉദ്ഘാടനം ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇടുക്കി ഡെപ്യുട്ടി കളക്ടര്‍ മനോജ് കെ നിര്‍വഹിച്ചു. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജലജ എം. ജെ. അദ്ധ്യക്ഷത നിര്‍വഹിച്ചു. ഇടുക്കി എക്സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി ഇ. പി. ലഹരി വിരുദ്ധ സന്ദേശം നല്‍കി.

ലഹരി വിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് വാഹന സന്ദേശ യാത്ര, ”ലഹരിക്കെതിരെ ഒരു കൈയ്യൊപ്പ്” എന്ന സിഗ്നേച്ചര്‍ ക്യാമ്പയിന്‍ എന്നിവ പൈനാവില്‍ നിന്നാരംഭിച്ച് ഇടുക്കിയിലെ വിവിധ കോളേജുകളിലും സ്‌കൂളുകളിലും എത്തും. ജൂണ്‍ 24, വൈകിട്ട് 4.30 ന് തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റേഷനില്‍ സന്ദേശയാത്ര അവസാനിക്കും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നാശാമുക്ത് ഭാരത് അഭിയാന്‍ എന്ന കാമ്പെയിന്റെ ഭാഗമായാണ് വാരാചരണം സംഘടിപ്പിക്കുന്നത്.

ലഹരി പദാര്‍ഥങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുസമൂഹത്തെയും പ്രത്യേകിച്ചു പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതുവഴി ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തുകയാണ് വാരാചരണ പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയ് വി. ജെ. അഭിപ്രായപ്പെട്ടു.

Leave A Reply