വയോധികയെ തലക്കടിച്ച്‌ പരിക്കേല്‍പിച്ച്‌ മൂന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്നു;വയോധികയുടെ നില ഗുരുതരമായി തുടരുകയാണ്

തളിപ്പറമ്ബ്: വയോധികയെ തലക്കടിച്ച്‌ പരിക്കേല്‍പിച്ച്‌ മൂന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ കാര്‍ത്യായനിയെ (73) തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം . വീട്ടില്‍ മരുന്ന് വില്‍പനക്കെത്തിയ അജ്ഞാതന്‍ വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്കുപോകവേ പിറകില്‍നിന്ന് ആയുധം കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നരപ്പവന്‍ മാലയുമായി രക്ഷപ്പെടുകയുമായിരുന്നു.

മൂന്നര മണിയോടെ മകന്‍ സജീവന്‍ എത്തിയപ്പോഴാണ് അവശനിലയില്‍ വീണുകിടക്കുന്ന കാര്‍ത്യായനിയെ കാണുന്നത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിച്ച്‌ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ മൂന്നുസ്ഥലത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. 36 തുന്നലുകള്‍ ആവശ്യമായി വന്നതായി ബന്ധുക്കള്‍ പറഞ്ഞു.തലയോട്ടിക്ക് ക്ഷതമേറ്റതായാണ് പ്രാഥമിക വിവരം. കാര്‍ത്യായനിയുടെ നില ഗുരുതരമായി തുടരുകയാണ്. തളിപ്പറമ്ബ് ഇന്‍സ്‍പെക്ടര്‍ എ.വി. ദിനേശന്റെയും എസ്.ഐ സഞ്ജയ് കുമാറിന്റെയും നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply