കഴക്കൂട്ടം: ആന്ധ്രയില്‍നിന്ന് രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ .പള്ളിച്ചല്‍ വെടിവെച്ചാന്‍കോവില്‍ മേലെ വീട് പ്രീത ഭവനില്‍ കാവുവിള ഉണ്ണി എന്ന ഉണ്ണികൃഷ്ണന് (33), മലയിന്‍കീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തന്‍ വീട്ടില്‍ സജീവ് (26), തൈക്കാട് രാജാജി നഗര്‍ സ്വദേശി സുബാഷ് (34) എന്നിവരെയാണ് സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ് എഗൈന്‍സ്റ്റ് ഓര്‍ഗനൈസ്ഡ് ക്രൈം ടീമിന്റെ സഹാത്തോടെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വില്പന നടത്തുന്ന പ്രധാന സംഘമാണ് പൊലീസ് വലയിലായത്. ആന്ധ്രയില്‍നിന്ന് രണ്ട് കാറുകളിലായി കഞ്ചാവുമായി വന്ന സംഘത്തെ കേരള അതിര്‍ത്തി മുതല്‍ സ്പെഷല്‍ ടീം സംഘങ്ങളായി തിരിഞ്ഞ് പിന്തുടരുകയായിരുന്നു.കഴക്കൂട്ടം ദേശീയപാതയില്വെച്ച് കൃത്രിമ ഗതാഗത തടസ്സം സൃഷ്ടിച്ചാണ് പൊലീസും സ്പെഷല്‍ ടീമും ചേര്‍ന്ന് പിടികൂടിയത്. 25 കിലോ കഞ്ചാവും വെര്‍ണ, സ്കോട കാറുകളും കസ്റ്റഡിയിലെടുത്തു.പ്രതികളില്‍ ഉണ്ണികൃഷ്ണനാണ് കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവന്‍.
സ്പിരിറ്റ് കടത്ത്, കഞ്ചാവ് കേസുകളുള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്ക് ആന്ധ്രാപ്രദേശിലും കഞ്ചാവ് കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ സജീവിന്റെ പേരില്‍ കരമന സ്റ്റേഷന് പരിധിയില്‍ നടന്ന കൊലപാതകം, വലിയതുറ, മ്യൂസിയം, മണ്ണന്തല തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ ബൈക്ക് മോഷണം ഉള്‍പ്പെടെ കേസുകളുണ്ട്.ഡെപ്യൂട്ടി കമീഷണര്‍ അങ്കിത് അശോകന്റെ നിര്‍ദേശ പ്രകാരം, നഗരത്തില്‍ പിടികൂടിയ കഞ്ചാവ് കേസുകളുടെ ഭാഗമായി നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ടീം രൂപവത്കരിച്ചിരുന്നു. ഇവര്‍ നിരന്തരമായി നടത്തിവന്ന അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. മാസങ്ങളായി സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു.