നെടുങ്കണ്ടം: തോട്ടില്‍ ടാങ്കര്‍ ലോറിയില്‍ എത്തിച്ച കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാര്‍ കൈയോടെ പിടികൂടി.കമ്ബംമെട്ട്- പുളിയന്മല റോഡില്‍ അന്യാര്‍തൊളു പാലത്തിന് സമീപത്തെ തോട്ടില്‍ മാലിന്യം തള്ളാനുള്ള ശ്രമമാണ് നാട്ടുകാര്‍ ചേർന്ന് തടഞ്ഞത്. ടാങ്കര്‍ ലോറിയും തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെയും തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിച്ചു. സ്ഥലത്തെത്തിയ കമ്ബംമെട്ട് പൊലീസ് ലോറിയും ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
കമ്ബം ആങ്കൂര്പാളയം വിവേകാന്ദന് തെരുവില്‍ ജെ. പാല്‍പാണ്ടി (37), സഹോദരന് തമിഴ്ശെല്‍വം (27), കരുമാലിപുരം കിഴക്കേത്തൊട്ടിയില് പാണ്ടി (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍, ജലസ്രോതസ് മലിനമാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. വാഹന ഉടമയില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും കമ്ബംമെട്ട് പൊലീസ് അറിയിച്ചു. കേസെടുത്ത ശേഷം ബുധനാഴ്ച രാവിലെയോടെ ലോറിയും പ്രതികളെയും ജാമ്യത്തില്‍ വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
അന്യാര്‍തൊളുവിലെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്ന് ശേഖരിച്ച കക്കൂസ് മാലിന്യമാണ് പ്രതികള്‍ തോട്ടില്‍ തള്ളിയത്. എസ്റ്റേറ്റ് ഉടമയുമായുള്ള കരാര്‍ പ്രകാരം മാലിന്യം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതികള്‍ അറിയിച്ചത്. എന്നാല്‍ മാലിന്യം ശേഖരിച്ച ശേഷം രാത്രി ഏഴ് മണിയോടെ അന്യാര്‍തൊളു പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇവര്‍ ലോറി നിറുത്തി. ശേഷം മാലിന്യം തോട്ടിലേക്ക് തള്ളുകയായിരുന്നു. കല്ലാര്‍ പുഴയില്‍ ചെന്ന് ചേരുന്ന തോട്ടിലാണ് ഇവര്‍ കക്കൂസ് മാലിന്യം തള്ളിയത്.മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ചെത്തി ലോറിയും തൊഴിലാളികളെയും തടയുകയായിരുന്നു. ഒമ്ബത് മണിവരെ ഇവരെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും ചെയ്തു .
വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലോറിയും തൊഴിലാളികളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കരുണാപുരം, പാമ്ബാടുംപാറ പഞ്ചായത്തുകളുടെ അതിര്‍ത്തി മേഖലയിലാണ് കക്കൂസ് മാലിന്യം തള്ളിയത്.സംഭവത്തില്‍ കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ്, പാമ്ബാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനന് എന്നിവരും പ്രദേശവാസികളും പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ ബുധനാഴ്ച രാവിലെ കമ്ബംമെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.