തെരുവുനായ ശല്യം അതിരൂക്ഷം; ഭീതിയിൽ നാട്

കൊടുവായൂർ: വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന വയോധിക അടക്കം 7 പേർക്കു തെരുവുനായകളുടെ കടിയേറ്റു. പഞ്ചായത്തിന്റെ‍ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് സംഭവം. നവക്കോട് പുതുപ്പള്ളി തെരുവിൽ ബഷീർ(58), നവക്കോട് അബൂബക്കർ കോളനിയിൽ കന്തസ്വാമി(70), വടക്കുംപാടത്തു മീനാക്ഷി(72), നവക്കോട്ടെ പാറു(66) എത്തന്നൂർ പൂളപ്പറമ്പിൽ മാധവൻ (55), വാസു(56), പൂത്തറക്കാട്ടിൽ പെട്ട(75) എന്നിവർക്കാണു നായ്ക്കളുടെ കടിയേറ്റത്.

കഴിഞ്ഞ ദിവസം കടയിലേക്കു സാധനങ്ങള്‍ വാങ്ങാനായി മോപ്പഡിൽ പോകുന്നതിനിടെ തെരുവുനായ റോഡിനു കുറുകെ ചാടിയുണ്ടായ അപകടത്തിൽ മേലാർകോട് സ്വദേശിയായ പലചരക്കു വ്യാപാരി മരിച്ചിരുന്നു. അഞ്ചാം ക്ലാസുകാരിയായ സ്കൂൾ വിദ്യാർഥിനി ഉൾപ്പെടെ ഒട്ടേറെ പേരെ നായ കടിക്കുകയും തെരുവുനായകൾ കാരണം ഒട്ടേറെ വാഹനാപകടങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്. തെരുനായ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരികളും നാട്ടുകാരും രംഗത്തുവന്നിരിക്കുകയാണിപ്പോൾ.

Leave A Reply