യുഎഇയിൽ ഇനി മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാം

ദുബായ്: യുഎഇയിൽ ഇനി സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാം.

മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതരാണ് ഇക്കാര്യം  അറിയിച്ചത്. മന്ത്രാലയം അംഗീകരിച്ച ഭാഷകളിൽ മലയാളത്തിനു പുറമെ ഹിന്ദിയും തമിഴും ഇടം നേടി.   തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്.

11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളും നിയമനത്തിന്നു മുൻപ് നൽകുന്ന തൊഴിൽ വാഗ്ദാന പത്രികയും ലഭിക്കും. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ് ,ഉറുദു തുടങ്ങിയ ഭാഷകളിലും തൊഴിൽ കരാറും അനുബന്ധ രേഖകളും സമർപ്പിക്കാൻ മന്ത്രാലയം അനുമതി നൽകി.

അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. തൊഴിലുടമകൾക്ക് നിയമനവും എളുപ്പമാകും. അറബിക്കിലും ഇംഗ്ലിഷിലുമാണ് തൊഴിൽ കരാറുകളും അനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകർപ്പ് തൊഴിലാളിക്കും സ്പോൺസർ നൽകണമെന്നാണ് നിയമം.

Leave A Reply