എറണാകുളം: കൊച്ചി നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുമ്പോഴും നഗരസഭയുടെ കൊതുക് നിർമാർജന സ്ക്വാഡിന്റെ പ്രവർത്തനം നിലച്ചു. മാർച്ച് 31ന് പ്രവർത്തനം അവസാനിപ്പിച്ചെന്നും നിലവിൽ പുതിയ സ്ക്വാഡ് രൂപവത്കരിച്ചിട്ടില്ലെന്നുമാണ് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് നഗരസഭയിൽ നിന്നും ലഭിച്ച മറുപടി.
മട്ടാഞ്ചേരി സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നഗരസഭ ആരോഗ്യ വിഭാഗം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. കൊതുക് നിവാരണ പ്രവർത്തന ഭാഗമായി ചെറിയ കാനകൾ വൃത്തിയാക്കുന്നതിന് 25,000 രൂപയും മഴക്കാല പൂർവ ശുചീകരണത്തിന് 30,000 രൂപയും ഓരോ വാർഡിനും നൽകിയിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.
ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൊതുക് നിർമാർജന സ്ക്വാഡ് പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.