വയോധികയെ തലക്കടിച്ച് മാല കവർന്ന സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തളിപ്പറമ്പ്: വയോധികയെ തലക്കടിച്ച് പരിക്കേൽപിച്ച് മൂന്നരപ്പവൻ സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ കുറുമാത്തൂർ കീരിയാട്ടെ തളിയൻ കാർത്യായനിയെ (73) തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ വീട്ടിൽ മരുന്ന് വിൽപനക്കെത്തിയ അജ്ഞാതൻ വെള്ളം ചോദിക്കുകയും വെള്ളമെടുക്കാൻ അകത്തേക്കുപോകവേ പിറകിൽനിന്ന് ആയുധം ഉപയോഗിച്ച് അടിച്ചുവീഴ്ത്തി മൂന്നരപ്പവൻ മാലയുമായി രക്ഷപ്പെടുകയുമായിരുന്നു.

മൂന്നര മണിയോടെ മകൻ സജീവൻ മടങ്ങിയെത്തിയപ്പോഴാണ് അവശനിലയിൽ വീണുകിടക്കുന്ന കാർത്യായനിയെ കാണുന്നത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിച്ച് സഹകരണ ആശുപത്രിയിൽ എത്തിച്ചു. തലയിൽ മൂന്നുസ്ഥലത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. 36 തുന്നലുകൾ ആവശ്യമായി വന്നതായി ബന്ധുക്കൾ പറഞ്ഞു.

തലയോട്ടിക്ക് ക്ഷതമേറ്റതായാണ് പ്രാഥമിക വിവരം. കാർത്യായനിയുടെ നില ഗുരുതരമായി തുടരുകയാണ്. തളിപ്പറമ്പ് ഇൻസ്‍പെക്ടർ എ.വി. ദിനേശന്റെയും എസ്.ഐ സഞ്ജയ് കുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.

Leave A Reply