എന്റെ കേരളം പ്രദർശന-വിപണന മേള; മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കോട്ടയം: മാധ്യമങ്ങൾ കൂടി പങ്കുചേരുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടത്തിയ ‘എന്റെ കേരളം’ പ്രദർശന-വിപണന മേളയുടെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടവും ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാര വിതരണ ചടങ്ങ് കളക്‌ട്രേറ്റിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ ജി. ശിവപ്രസാദ് (മികച്ച വാർത്താചിത്രം), ദീപിക റിപ്പോർട്ടർ ജിബിൻ കുര്യൻ (മികച്ച അച്ചടി മാധ്യമ റിപ്പോർട്ട്), ദൃശ്യ ന്യൂസ് ന്യൂസ് എഡിറ്റർ ജോജു ജോസഫ് (മികച്ച ദൃശ്യമാധ്യമ റിപ്പോർട്ട്), അമൃത ടിവി സീനിയർ കാമറാമാൻ സി.എസ്. ബൈജു (മികച്ച കാമറാമാൻ) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭാംഗം റീബാ വർക്കി, ഐ.-പി.ആർ.ഡി. മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതായിരുന്നു പുരസ്‌കാരം.

Leave A Reply