കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന മൂന്നംഗ സംഘം പോലീസ്പിടിയിൽ. കുറ്റിക്കാട്ടൂർ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര രജീഷ്, മൂടാടി ഷാനിദ് എന്നിവരാണ് പിടികൂടിയത്. മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നിലാലുവും കോഴിക്കോട് സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ് (കാവൽ) ചേർന്നാണ് മോഷണ സംഘത്തെ അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ മോഷണം പതിവായ പശ്ചാത്തലത്തിൽ സിറ്റി പോലീസ് കമീഷണർ ഇൻ ചാർജ് അമോസ് മാമന്റെ നിർദേശം അനുസരിച്ച് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ് രഹസ്യ അന്വേഷണം നടത്തിവരുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ ജിംനാസിനെ പിടികൂടി തൊഴിലാളികൾ പോലീസിൽ ഏൽപിച്ചു. ജിംനാസിൽനിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് പാളയത്തെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്ന ഷാനിദിനെയും രജീഷിനെയും പിടികൂടുകയായിരുന്നു. ലഹരിക്ക് അടിമകളായ പ്രതികൾ നിരവധി വാഹനമോഷണ കേസുകളിൽ പ്രതികളാണ്. ഒരു മാസം മുമ്പേയാണ് ഇവർ ജയിൽമോചിതരായത്.