സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗം ഇന്ന്;പുതിയ കണക്ക് അവതരിപ്പിക്കും

കണ്ണൂർ: പയ്യന്നൂരിൽ സിപിഎമ്മിന്റെ അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്തത്തിനു ശേഷമുള്ള ആദ്യ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നതാണ് . പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ട്, ധൻരാജ് രക്തസാക്ഷി ഫണ്ട്, നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ സംബന്ധിച്ച പുതിയ കണക്ക് യോഗത്തിൽ നേതൃത്വം അവതരിപ്പിച്ചേക്കും. നേരത്തെ അവതരിപ്പിച്ച കണക്കിൽ വ്യക്തത കുറവുണ്ടെന്ന് ഒരു വിഭാഗം നിലപാടെടുത്ത നിലയ്ക്ക് പുതിയ കണക്ക് അവതരിപ്പിക്കുന്നത് നേതൃത്വത്തിന് കനത്ത വെല്ലുവിളിയായിരുന്നു . അവതരിപ്പിക്കുന്ന കണക്ക് തൃപ്തികരമല്ലെങ്കിൽ ഏരിയാ കമ്മിറ്റി അംഗങ്ങളിൽ ചിലർ ബദൽ കണക്ക് അവതരിപ്പിച്ചേക്കുമെന്ന ഭീഷണിയും പയ്യന്നൂരിൽ സിപിഎം നേരിടുന്നുണ്ട്.

പയ്യന്നൂരിൽ പാർട്ടി ഫണ്ടുകളിൽ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നു എന്ന് തെളിവ് സഹിതമുള്ള പരാതിയാണ് ജില്ലാ കമ്മിറ്റിക്ക് കിട്ടിയിരുന്നത്. അന്വേഷണത്തിന് ശേഷം ആരോപണവിധേനായ പയ്യന്നൂർ എംഎൽഎ, ടി.ഐ.മധുസൂധനനെ പാർട്ടി തരംതാഴ്ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ മാറ്റുകയും ചെയ്തു. നടപടി സംബന്ധിച്ച് പയ്യന്നൂർ ഏരിയക്ക് കീഴിലെ 12 ലോക്കലുകളിലും ജനറൽ ബോഡി വിളിച്ച് ഒരേസമയം റിപ്പോർട്ടിംഗും നടത്തി. പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ലെന്നും ഫണ്ട് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്നുമാണ് നേതാക്കൾ വിശദീകരിച്ചത്.

Leave A Reply